Kerala
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാജി സ്വീകരിച്ചു. മൂന്നാം ഊഴം ലക്ഷ്യമിട്ടാണ് എൽഡിഎഫ് മത്സരത്തിനിറങ്ങിയെങ്കിലും യുഡിഎഫ് തരംഗത്തിൽ 35 സീറ്റുകൾ മാത്രമാണ് എൽഡിഎഫിന് നേടാനായത്. യുഡിഎഫ് 102 സീറ്റുകളോടെ അധികാരം ഉറപ്പിച്ചു. എൻഡിഎയ്ക്ക് മൂന്ന് സീറ്റുകളാണ് നേടാനായത്. തോൽവിക്ക് ശേഷം മാധ്യമങ്ങളെ കാണാൻ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല.
പിണറായിലെ വീട്ടിൽ നിന്നു പോലും പിണറായി പുറത്തിറങ്ങിയില്ലെന്നാണ് റിപ്പോർട്ടുകൾ. എംഎൽഎ ഓഫീസിൽ എത്തും എന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ ഫലം മോശമായതിനെ തുടർന്ന് ഓഫീസിൽ വന്നില്ല. അതേസമയം കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയും പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയവും അതീവ ഗൗരവത്തോടെ കാണുന്നതായി സിപിഎം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.
Kerala
കണ്ണൂർ: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പ്രകീർത്തിച്ചും കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചും മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ. കേരള രാഷ്ട്രീയത്തിലെ 'മുടിചൂടാമന്നനായി' ഉയരാൻ കെ.സി. വേണുഗോപാലിന് കഴിയുമെന്ന് സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചു. തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ സുധാകരന്റെ ഈ നിലപാട് പാർട്ടിയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
താഴെത്തട്ടിൽ നിന്ന് സംഘടനയുടെ ഓരോ ഘട്ടവും അനുഭവിച്ച് വളർന്ന നേതാവാണ് കെ.സി. പ്രവർത്തകരുടെ മനസറിയാനും അവരുടെ പ്രതീക്ഷകൾക്ക് മറുപടി നൽകാനും അദ്ദേഹത്തിന് കഴിയുമെന്ന് സുധാകരൻ പറഞ്ഞു. കെ. കരുണാകരൻ, എ.കെ ആന്റണി, ഉമ്മൻ ചാണ്ടി, വയലാർ രവി തുടങ്ങിയ മഹാനേതാക്കളുടെ പാത പിന്തുടർന്ന് കേരള രാഷ്ട്രീയത്തെ നയിക്കാൻ കെ.സി. വേണുഗോപാലിന് സാധിക്കുമെന്ന ആത്മവിശ്വാസം പ്രവർത്തകർക്കുണ്ട്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് ആത്മവിശ്വാസം പകരുന്ന ശക്തിയായി കെ.സി. പ്രവർത്തിച്ചുവെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് എത്രത്തോളം ആവശ്യമാണെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ജനങ്ങളെയും പ്രവർത്തകരെയും പ്രചോദിപ്പിച്ച് നാളെയുടെ ഭരണത്തിന് ദിശാബോധം നൽകാൻ കഴിയുന്ന നേതാവായി അദ്ദേഹം ഉയരട്ടെ എന്നും ആ നേതൃകാലത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നും സുധാകരൻ കുറിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കേ മുഖ്യമന്ത്രി പിണറായി വിജയനോട് 10 ചോദ്യങ്ങളുമായി കെ.സി. വേണുഗോപാല്‍ എംപി. ചോദ്യങ്ങള്‍ അടങ്ങുന്ന കത്ത് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്ക് അയച്ചു.
ഉദ്യോഗസ്ഥരെ ഒഴിവാക്കി ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹത്തിന്റെ വസതിയില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെ അജന്‍ഡ എന്തായിരുന്നു എന്നതാണ് ആദ്യ ചോദ്യം.
ഡല്‍ഹിയില്‍ കേരള ഹൗസില്‍ ഇതേ പോലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മുഖ്യമന്ത്രി പ്രഭാത ഭക്ഷണ വിരുന്നു നല്‍കിയത് എന്തു ‘ഡീല്‍’ ഉറപ്പിക്കാനായിരുന്നുവെന്നും വേണുഗോപാല്‍ ചോദിക്കുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി ഡല്‍ഹിയില്‍ പല തവണ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
പക്ഷേ, ഡല്‍ഹിക്കു പുറത്ത് മുഖ്യമന്ത്രി ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കില്‍ അത് ഡീലിന്റെ ഭാഗം ആയിരുന്നോ എന്നും കത്തില്‍ ചോദിക്കുന്നു.
പിഎം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നതിനെതിരേ സിപിഐയുടെയും അവരുടെ മന്ത്രിമാരുടെയും പരസ്യ എതിര്‍പ്പിനെ മറികടന്ന് ബിജെപിയുമായി ധാരണയിലെത്തി കരാറില്‍ ഏര്‍പ്പെട്ടത് എന്തു ഡീല്‍ ആണെന്നും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ലേബര്‍കോഡ് വിഷയത്തിലും എല്‍ഡിഎഫിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെ അതീവരഹസ്യമായി ലേബര്‍ കോഡിനു ചട്ടങ്ങള്‍ രൂപീകരിക്കുകയും നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തത് ആരെ പേടിച്ചാണെന്നും കത്തില്‍ ചോദിക്കുന്നു.
മുഖ്യമന്ത്രിയുടെ മറുപടിക്കായി കാത്തിരിക്കുന്നതായി പറഞ്ഞുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ കത്ത് അവസാനിപ്പിക്കുന്നത്.
സംസ്ഥാനത്തെ ദുരിതത്തിലാക്കിയ മഹാപ്രളയം മനഃപൂര്‍വം സൃഷ്ടിച്ചതാണെന്നു വെളിപ്പെടുത്തുന്ന മന്ത്രിയുടെ ശബ്ദരേഖയിലെ ഉള്ളടക്കം സംബന്ധിച്ച് വരാന്‍ പോകുന്ന യുഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രളയമുണ്ടാക്കാന്‍ വേണ്ടി അണക്കെട്ടുകള്‍ അടച്ചിട്ടുവെന്നാണ് മന്ത്രിയുടെ ശബ്ദരേഖ. ഇതുകേട്ട് താന്‍ ഞെട്ടിത്തരിച്ചുപോയി. കേരളത്തെ കൃത്രിമ പ്രളയത്തിലേക്ക് വലിച്ചിഴച്ചവര്‍ അതിനു സമാധാനം പറയേണ്ടി വരുമെന്നും വേണുഗോപാല്‍ പറഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചെയ്തതുപോലെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് കേരളത്തിലെ സാമൂഹികജീവിതം കലുഷിതമാക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ക്ക് സിപിഎം കൂട്ടുനില്‍ക്കുകയാണെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.
ബിജെപി സംസ്ഥാന അധ്യക്ഷനും സിപിഎം പോളിറ്റ്ബ്യൂറോ അംഗവും കേരളത്തില്‍ നടത്തിയ ഒരേ സ്വഭാവമുള്ള വര്‍ഗീയ പ്രസ്താവന അതിന് തെളിവാണ്. രണ്ട് പ്രസ്താവനയും ഒരേ കേന്ദ്രത്തില്‍ തയാറാക്കിയതാണ്. കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീല്‍ ഇതോടെ കൂടുതല്‍ വ്യക്തമായി.
വടക്കേ ഇന്ത്യയില്‍ ബിജെപി പരീക്ഷിച്ച് വിജയിച്ച വിഭജന തന്ത്രത്തിന് കേരളത്തില്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ തന്നെ കൂട്ടുനില്‍ക്കുന്നത് അപകടകരമാണ്. കേരളത്തെ മോശമായി ചിത്രീകരിച്ച ‘കേരള സ്റ്റോറി’ എന്ന സിനിമ കാണാന്‍ കൂട്ടാക്കാതെ തിരസ്കരിച്ചവരാണ് കേരള ജനത. കേരളത്തെ വര്‍ഗീയമായി വിഭജിക്കാന്‍ സിപിഎമ്മും ബിജെപിയും ചേര്‍ന്നു നടത്തുന്ന നീക്കങ്ങള്‍ക്കു കേരളം ഈ തെരഞ്ഞെടുപ്പില്‍ കൃത്യമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
പാലക്കാട്: ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന മുൻ സിപിഎം നേതാവ് പി.കെ. ശശിക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പി.കെ. ശശി വഞ്ചകനാണെന്നും വഞ്ചകൻമാർക്ക് ചരിത്രം ഒരു കാലത്തും ജയം കൊടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഒറ്റപ്പാലത്തെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിലായിരുന്നു പിണറായി വിജയന്റെ പരാമര്‍ശം. കേന്ദ്ര സർക്കാരിനെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. കേരളം രക്ഷപ്പെടാൻ പാടില്ലെന്നും കേരളം തകരണം എന്നുമുള്ള സമീപനമാണ് കേന്ദ്രത്തിനുള്ളതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
കേരളം മതനിരപേക്ഷതയുടെ വിളനിലമാണ്. കേരളത്തിന് ആര്‍എസ്എസിനെയും ബിജെപിയെയും സ്വീകരിക്കാനാവില്ല. കേരളം രക്ഷപ്പെടാതിരിക്കണം എന്ന ബിജെപിയുടെ നയത്തെ യുഡിഎഫ് ചോദ്യം ചെയ്യുന്നില്ലെന്നും പാർലമെന്റിൽ നിര നിരയായി ഇരിക്കുന്ന യുഡിഎഫ് എംപിമാർ ആരും അതിന് ശ്രമിക്കുന്നില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും പദവികളിൽ നിന്ന് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട സ്വകാര്യ ബില്ലുകൾ പരിശോധിക്കുന്ന പാർലമെന്ററി സ്ഥിരം സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിച്ചു.
ഭരണഘടനാപരമായ സുപ്രധാന മാറ്റങ്ങൾ നിർദേശിക്കുന്ന ഈ ബില്ലുകളിൽ വിശദമായ പഠനവും ചർച്ചകളും ആവശ്യമാണെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി.
സമിതിയുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട പ്രമേയം പാർലമെന്റ് അംഗീകരിച്ചു.
District News
തിരുവല്ല: കോർപ്പറേറ്റുകൾക്ക് സർവതും വിറ്റു തുലയ്ക്കുന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും നവ ലിബറൽ നയങ്ങൾക്ക് മാനവിക ബദൽ കേരളത്തിൽ അവതരിപ്പിച്ച് ലോകത്തിനു മുന്പിൽ മാതൃകയാകാൻ ഇടതു സർക്കാരിനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പത്തു കൊല്ലം മുന്‍പ് അധികാരം വിട്ടൊഴിയുന്പോൾ സമസ്ത മേഖലകളിലും സമ്പൂർണ തകർച്ചയാണ് യുഡിഎഫ് കേരളത്തിന് സമ്മാനിച്ചിരുന്നത്. നിയമന മരവിപ്പ്, പൊതുമേഖലയുടെ തകർച്ച , പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടൽ , അഴിമതിയിലുള്ള ഭരണസംവിധാനം, നികുതി വരുമാനങ്ങൾ ഉയർത്താൻ നടപടിയില്ലാത്ത അവസ്ഥ ഇങ്ങനെ പോവുകയായിരുന്നു അക്കാലത്തെ കാര്യങ്ങൾ .18 മാസം വരെ ആയിരുന്നു യുഡിഎഫ് സർക്കാരിന്റെ ക്ഷേമ പെൻഷൻ കുടിശിക, ആരോഗ്യരംഗം വെന്റിലേറ്ററിൽ ആയിരുന്നു.
കുട്ടികൾ പാഠപുസ്തകങ്ങളുടെ ഫോട്ടോസ്റ്റാറ്റ് ഉപയോഗിക്കേണ്ടി വന്ന കാലഘട്ടമായിരുന്നു. ലാഭകരമല്ലെന്നു പറഞ്ഞ് സ്കൂളുകൾ അടച്ചുപൂട്ടലിന്റെ പേരിൽ സ്കൂളുകളുടെ സ്ഥലം വിൽപന നടത്താൻ മാനേജർമാർക്ക് ഒത്താശ ചെയ്യുന്ന സംഭവങ്ങൾ വരെയുണ്ടായെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇരുണ്ടകാലത്ത് നിന്നാണ് കേരളത്തെ പുനർനിർമിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്വം എൽഡിഎഫ് സർക്കാർ ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് എൽഡിഎഫ് നൽകിയ സംഭാവന നാടിന്റെ ഭാവിയുടെ ആവശ്യങ്ങളെ കണ്ടത് നിർവഹിക്കുകയും പുതിയ തലമുറയുടെ പ്രതീക്ഷകൾ ഉയർത്തുകയും എന്ന ഉത്തരവാദിത്വമാണ് എൽഡിഎഫ് ഏറ്റെടുത്തിരിക്കുന്നത്. പത്തുവർഷത്തെ നേട്ടങ്ങളുടെ പിൻബലത്തിൽ എൽഡിഎഫിനു വിജയിക്കാനാകും.
വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും എൽഡിഎഫ് തുടർന്നാൽ മാത്രമേ ഫലമുണ്ടാകൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.കൺവൻഷനിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. സനൽ കുമാർ അധ്യക്ഷത വഹിച്ചു.സ്ഥാനാർഥി മാത്യു ടി. തോമസ്, ഡോ.ടി.എം. തോമസ് ഐസക്, സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, എൽഡിഎഫ് കൺവീനർ അലക്സ് കണ്ണമല തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവല്ലയിൽ മുഖ്യമന്ത്രിയോടു മൈക്ക് പിണങ്ങി
തിരുവല്ല: തിരുവല്ലയിലെ എൽഡിഎഫ് യോഗത്തിൽ പ്രസംഗിച്ചുകൊണ്ടു നിൽക്കവേ മുഖ്യമന്ത്രി പിണറായി വിജയനോടു മൈക്ക് പിണങ്ങി. ഇതേത്തുടർന്ന് പ്രസംഗം അവസാനിപ്പിച്ച മുഖ്യമന്ത്രി രണ്ട് മിനിട്ടോളം ക്ഷമയോടെ കാത്തുനിന്നു. പിന്നീട് വീണ്ടും മൈക്ക് എത്തിയപ്പോൾ പ്രസംഗം തുടരുകയായിരുന്നു.
District News
കട്ടപ്പന: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ജില്ലയില്‍. രാവിലെ 9.30ന് കട്ടപ്പനയില്‍ മാധ്യമ പ്രവര്‍ത്തകരെ കാണുന്ന അദ്ദേഹം 10ന് കട്ടപ്പന നഗരസഭാ സ്റ്റേഡിയത്തില്‍ ഇടുക്കി നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കും. യോഗത്തിനുശേഷം കട്ടപ്പന നഗരത്തില്‍ സ്ഥാനാര്‍ഥിയുടെ റോഡ് ഷോ നടക്കും. സ്റ്റേഡിയത്തില്‍നിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാൻഡ്, ഇടശേരി ജംഗ്ഷന്, സെന്‍ട്രല്‍ ജംഗ്ഷൻ വഴി പഴയ ബസ് സ്റ്റാൻഡിൽ സമാപിക്കും.
സമ്മേളനത്തില്‍ പങ്കെടുക്കുന്ന കഞ്ഞിക്കുഴി, മരിയാപുരം, വാത്തിക്കുടി, കാമാക്ഷി, വാഴത്തോപ്പ് പഞ്ചായത്തുകളില്നിന്നുള്ളവരുടെ വാഹനങ്ങള്‍ പഴയ ബസ് സ്റ്റാൻഡിലും അറക്കുളം, കുടയത്തൂര്‍ പഞ്ചായത്തുകളിലുള്ളവരുടെ വാഹനങ്ങള്‍ സന്തോഷ് തിയറ്റര്‍ പാര്‍ക്കിംഗ് മൈതാനത്തും കാഞ്ചിയാര്‍, കൊത്തന്നടി പഞ്ചായത്തുകളിലുള്ളവരുടെ വാഹനങ്ങള്‍ സിഎസ്ഐ ഗാര്‍ഡനിലും കട്ടപ്പന നഗരസഭാ പരിധിയിലുള്ളവരുടെ വാഹനങ്ങള്‍ പഴയ ബസ് സ്റ്റാൻഡിന് അടിവശം കുന്തളംപാറ റോഡരികിലെ പാര്‍ക്കിംഗ് മൈതാനങ്ങളിലും പാര്‍ക്ക് ചെയ്യണം.
ഉച്ചകഴിഞ്ഞ് മൂന്നിന് അടിമാലിയില്‍ അഡ്വ. എ. രാജയുടെയും നാലിന് നെടുങ്കണ്ടത്ത് കെ.കെ. ജയചന്ദ്രന്റെയും അഞ്ചിന് വണ്ടിപ്പെരിയാറില്‍ കെ. സലിംകുമാറിന്റെയും തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമെന്ന് എല്‍ഡിഎഫ് നേതാക്കളായ റോമിയോ സെബാസ്റ്റ്യന്‍, വി.ആര്. സജി, മാത്യു ജോര്‍ജ്, സി.എസ്. അജേഷ്, അഡ്വ. മനോജ് എം. തോമസ് എന്നിവര്‍ അറിയിച്ചു.
National
പാറ്റ്ന: ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രി പദം രാജിവച്ച് രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. പത്രികാസമർപ്പണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
നിതീഷ് കുമാർ രാജിവയ്ക്കുന്നതോടെ മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കും. നിതീഷിന്റെ മകൻ നിഷാന്ത് കുമാർ ഉപമുഖ്യമന്ത്രിയാകും. നിതീഷ് കുമാറിന്റെ ആരോഗ്യം മോശമായ സാഹചര്യത്തില്‍ ജെഡിയുവും ബിജെപിയും കൂടിയാലോചിച്ചാണ് തീരുമാനമെന്നാണ് സൂചന.
അതേസമയം, നിതീഷ് കുമാർ മാറുന്നതിൽ ജെഡിയുവിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നിതീഷിന്റെ വസതിക്കുമുന്നില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകരെത്തി.
ഇക്കഴിഞ്ഞ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയമാണ് എൻഡിഎ സഖ്യം നേടിയത്. 200ലധികം സീറ്റുകളിൽ വിജയിച്ച സഖ്യം നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു കൊണ്ടാണ് പ്രചാരണവും നടത്തിയത്.
സഖ്യത്തിൽ ബിജെപി മാത്രം 89 സീറ്റുകളാണ് നേടിയത്. ജെഡിയു 85സീറ്റുകളും സ്വന്തമാക്കി. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തിപാർട്ടി രാംവിലാസ് 19 സീറ്റുകൾ നേടിയപ്പോൾ മറ്റൊരു കേന്ദ്ര മന്ത്രിയായ ജിതിൻ റാം മാഞ്ചി നയിക്കുന്ന ഹിന്ദുസ്ഥാൻ അവാം മോർച്ച അഞ്ച് സീറ്റുകളും രാജ്യസഭ എംപി ഉപേന്ദ്ര കുശ്വാഹ നയിക്കുന്ന രാഷ്ട്രീയ ലോക് മോർച്ച നാലു സീറ്റും നേടിയിരുന്നു.
District News
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിക്കും. തുടര്‍ന്ന് 3.30ന് കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തന്റെ പൊതുസമ്മേളനം തിരുനക്കര മൈതാനത്ത് ഉദ്ഘാടനം ചെയ്യും.
കോട്ടയം നഗരത്തില്‍ ഗതാഗത നിയന്ത്രണം
കോട്ടയം: കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍നിന്നു തിരുനക്ക മൈതാനത്തേക്ക് നടത്തുന്ന അധ്യാപക റാലിയുമായി ബന്ധപ്പെട്ട് കോട്ടയം നഗരത്തില്‍ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.
8 ചങ്ങനാശേരി ഭാഗത്തുനിന്ന് ഏറ്റുമാനൂര്‍ ഭാഗത്തേക്കു പോകേണ്ട ഭാരവാഹനങ്ങള്‍ ളായിക്കാട് ജംഗ്ഷനില്‍നിന്നു തിരിഞ്ഞ് റെയില്‍വേ ബൈപാസ്, കുരിശുംമൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപാസ് വഴി പോകണം.
8മൂവാറ്റുപുഴ, കടുത്തുരുത്തി ഭാഗങ്ങളില്‍നിന്നു വരുന്ന ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട ഭാരവാഹനങ്ങള്‍ പട്ടിത്താനം ജംഗ്ഷനില്‍നിന്നു തിരിഞ്ഞ് ഏറ്റുമാനൂര്‍-മണര്‍കാട് ബൈപാസ്, പുതുപ്പള്ളി, ഞാലിയാകുഴി വഴി പോകണം.
8ചിങ്ങവനം ഭാഗത്തുനിന്നു മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സിമന്റ് ജംഗ്ഷനില്‍നിന്നു തിരിഞ്ഞു പാറേച്ചാല്‍ ബൈപാസ്, തിരുവാതുക്കല്‍, അറത്തൂട്ടി ജംഗ്ഷന് വഴി ചാലുകുന്നിലെത്തി തിരിഞ്ഞ് പോകേണ്ടതും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തിരുവാതുക്കല്നിന്നു തിരിഞ്ഞ് ഇല്ലിക്കല്‍ വഴി പോകേണ്ടതുമാണ്.
8ഏറ്റുമാനൂര്‍ ടൗണില്‍നിന്നും കിടങ്ങൂര്‍ ഭാഗത്തുനിന്നും കോട്ടയം ടൗണിലേക്ക് പോകേണ്ട വാഹനങ്ങള്‍ പാറകണ്ടം ജംഗ്ഷനിലെത്തി ഏറ്റുമാനൂര്‍-മണര്‍കാട് ബൈപാസ് വഴി പോകണം.
8മുളങ്കുഴ ഭാഗത്തുനിന്നു കോട്ടയം ടൗണിലേക്ക് വരുന്ന വാഹനങ്ങള്‍ ദിവാന് കവല, കടുവാക്കുളം, കഞ്ഞിക്കുഴി വഴി പോകണം.
8ഗാന്ധിനഗര്‍ ഭാഗത്തുനിന്നു കോട്ടയം ടൗണിലേക്ക് വരുന്ന വാഹനങ്ങള്‍ വട്ടമൂട് ജംഗ്ഷനില്‍നിന്നു തിരിഞ്ഞ് കഞ്ഞിക്കുഴി വഴി പോകണം.
8നാഗമ്പടം ഭാഗത്തുനിന്നു ചങ്ങനാശേരി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ നാഗമ്പടം സ്റ്റേഡിയം ഭാഗത്തുനിന്നു തിരിഞ്ഞ് കുര്യന് ഉതുപ്പ് റോഡ്, ശാസ്ത്രി റോഡ്, ഗുഡ് ഷെപ്പേര്‍ഡ് റോഡ് വഴി ബസേലിയസ് ജംഗ്ഷനിലെത്തി ഈരേക്കടവ് ബൈപാസ് വഴി പോകണം.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പ്രതികളും പുറത്തിറങ്ങുകയും, ഇനിയും അകത്തു പോകേണ്ട പ്രതികള്‍ പുറത്തു നില്‍ക്കുകയുമാണ്. ബാക്കിയുള്ള പ്രതികളിലേക്ക് കൂടി അന്വേഷണം പോകുന്നില്ല എന്നത് അപകടകരമാണ്. ആ പ്രതികള്‍ സിപിഎമ്മിനും സര്‍ക്കാരിനും ഏറ്റവും വേണ്ടപ്പെട്ട പ്രതികളാണ്.
ആ പ്രതികളിലേക്ക് പോയാല്‍ സര്‍ക്കാര്‍ തന്നെ തകര്‍ന്നുവീഴും എന്ന തിരിച്ചറിവില്‍, മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുതന്നെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അനധികൃത ഇടപെടല്‍ നടത്തുകയാണെന്ന് വി.ഡി. സതീശന് ആരോപിച്ചു.
ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നിഷേധിച്ച പ്രധാന പ്രതികള്‍ വരെ സ്റ്റാറ്റിയൂട്ടറി ജാമ്യം നേടി പുറത്തു വരികയാണ്. ഒരു അന്വേഷണവും നടക്കുന്നില്ല. തൊണ്ടിമുതല്‍ കണ്ടെത്തിയിട്ടില്ല. തെളിവുകള്‍ ശേഖരിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കേരളത്തിലെ പ്രതിപക്ഷ നേതാക്കളെ ഇതുപോലെ അധിക്ഷേപിച്ച കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. സ്പീക്കര്‍ അവര്‍ക്ക് എല്ലാ അവസരവും നല്കുന്നു. പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെ, പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ അംഗങ്ങളെയും അധിക്ഷേപിക്കാന്‍ ചോദ്യോത്തര വേളയ്ക്കിടെ അഞ്ചു മന്ത്രിമാര്‍ക്കാണ് സ്പീക്കര്‍ അവസരം കൊടുത്തത്.
പ്രതിപക്ഷ പ്രതിഷേധത്തിനിടെ വാച്ച് ആന്റ് വാര്‍ഡാണ് പ്രകോപനം ഉണ്ടാക്കിയത്. അഞ്ചുവര്‍ഷത്തിനിടെ പ്രതിപക്ഷം നിയമസഭയില്‍ ഒരു അക്രമവും കാണിച്ചിട്ടില്ല. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട, അക്രമം കാണിച്ചവരെ ഒപ്പം ഇരുത്തിക്കൊണ്ടാണ് ഭരണപക്ഷം യുഡിഎഫിനെ ആക്ഷേപിക്കുന്നതെന്നും വി.ഡി. സതീശന് പറഞ്ഞു.
അതേസമയം, അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്ന ബാനര്‍ പിടിച്ചായിരുന്നു നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം.
പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനവും പ്രതിഷേധക്കാര്‍ പാടി. ജയിലിനകത്ത് ആരപ്പാ... സഖാക്കളാണേ അയ്യപ്പാ എന്നും പ്രതിഷേധക്കാര്‍ ആലപിച്ചു.
Kerala
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളില്‍വച്ച് വധിക്കാന്‍ ശ്രമിച്ചകേസിൽ കുറ്റപത്രം വൈകുന്നതിനെ വിമർശിച്ച് കോടതി. സംഭവം നടന്ന് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ എന്തുകൊണ്ട് കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചോദിച്ചു.
കേസിൽ വ്യോമയാന നിയമത്തിലെ വകുപ്പ് ചുമത്തിയിട്ടുണ്ട്. അതിനാൽ പ്രോസിക്യൂഷൻ അനുമതി കേന്ദ്രം നൽകണം. ഇതിനാലാണ് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തതെന്ന് പ്രോസിക്യൂഷൻ മറുപടി നൽകിയെങ്കിലും ഇതു തൃപ്തികരമല്ലെന്ന് കോടതി പറഞ്ഞു.
വിശദമായ റിപ്പോര്‍ട്ട് ബുധനാഴ്ച സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് കോടതി കര്‍ശന നിര്‍ദ്ദേശം നല്കി. കേസിലെ ഒന്നാം പ്രതി ഫര്സിന് മജീദ് പാസ്പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടി നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം. 2022 ജൂണ്‍ 13നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
ഫർസീൻ മജീദിന് പുറമെ നവീൻ, സുധീപ് ജയിംസ്, മുൻ എംഎൽഎ ശബരീനാഥൻ എന്നിവരാണ് കേസിലെ പ്രതികൾ. ഇ.പി.ജയരാജനാണ് തങ്ങളെ ആക്രമിച്ചതെന്നും ചൂണ്ടിക്കാട്ടി ഫർസീൻ മജീദും നവീൻകുമാറും നൽകിയ പരാതിയിൽ ജയരാജനെതിരെയും കേസെടുത്തിരുന്നു.
Kerala
തിരുവനന്തപുരം: പ്രവാസികളുടെ സുരക്ഷിതത്വ കാര്യങ്ങൾ ഗൗരവപൂർവം പരിഗണിക്കാൻ സംസ്ഥാന സർക്കാർ ഹൈപവർ കമ്മിറ്റിക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവർ അംഗങ്ങളായ ഹൈപവർ കമ്മിറ്റി മാസത്തിലൊരിക്കൽ യോഗം ചേർന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്യും. അഞ്ചാമത് ലോക കേരള സഭയുടെ സമാപന സമ്മേളനത്തിൽ പ്രവാസികൾ ഉയർത്തിയ നിർദേശങ്ങളിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഓസ്ട്രിയയിലും ജർമനിയിലും ഭാഷാ പ്രാവീണ്യത്തിനായുള്ള A1, A2, B1, B2 മോഡ്യൂളിന്റെ വ്യാജ സർട്ടിക്കറ്റുകൾ, വ്യാജ റിക്രൂട്ട്മെന്റ് എന്നിവ വ്യാപകമായിട്ടുണ്ട്. ഇത് ഗൗരവമുള്ള പ്രശ്നമാണ്. 2024ൽ മാത്രം ഈ ഗണത്തിൽ 1300 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിനെതിരേ ബോധവത്കരണം നടത്തും. ഇതിനു പുറമെയാണ് സംസ്ഥാന സർക്കാർ പുതുതായി സ്ഥാപിക്കുന്ന നോർക്ക പോലീസ് സ്റ്റേഷൻ. നോർക്ക പോലീസ് സ്റ്റേഷനിൽ ഏതു പ്രവാസിക്കും നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാം. ലോക കേരള സഭയിൽ പ്രവാസികൾ സമർപ്പിച്ച നിർദേശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് ലഭിക്കാനായി സ്റ്റാൻഡിംഗ് കമ്മിറ്റിയെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
നോർക്ക വകുപ്പ് സെക്രട്ടറി ഉൾപ്പെടെ എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും. തിരികെവന്ന പ്രവാസികൾക്ക് ആരോഗ്യ ഇൻഷ്വറൻസ് നടപ്പാക്കണമെന്ന ആവശ്യത്തിനും മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചു. നോർക്ക കെയർ പദ്ധതിയിൽ ഇക്കാര്യം ഉൾപ്പെടുത്താമോ എന്ന് പരിശോധിക്കും. ജർമനു പുറമേ കൂടുതൽ വിദേശഭാഷകൾ പഠിപ്പിക്കാൻ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജസ് വഴി തുടർനടപടികൾ ഉണ്ടാകും. ഗ്രാമപഞ്ചായത്ത്, വാർഡ് തലത്തിൽ ഡയസ്പോറ പദ്ധതികൾ പ്രവാസി മിഷൻ മുഖേന നടപ്പാക്കും. മിഷൻ ഉദ്ഘാടനം അടുത്തമാസം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസം, സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കൽ എന്നിവയെല്ലാം പ്രവാസി മിഷന് കീഴിൽ പരിശോധിക്കും.
ആഫ്രിക്കൻ രാഷ്ട്രങ്ങളിലെ സാഹിത്യനഗരി പദവി കിട്ടിയ നഗരങ്ങളും ഇന്ത്യയിൽ ഈ പദവി ലഭിച്ച കോഴിക്കോടുമായി ചേർന്ന് സാംസ്കാരിക ഇടനാഴി എന്ന പദ്ധതിക്കായി പരിശ്രമം നടത്തും. പ്രവാസികൾക്ക് നിക്ഷേപം നടത്താനായി ഷെർപ്പ ഓൺലൈൻ പ്ലാറ്റ്ഫോം ആവിഷ്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിദേശത്ത് പഠനത്തിനു പോകുന്ന വിദ്യാർഥികൾക്ക് കൗൺസലിംഗ് നൽകാൻ സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടലും ആവിഷ്കരിച്ചു. ഇതൊക്കെയും പ്രവാസികൾ പ്രയോജനപ്പെടുത്തണം. പ്രവാസി സുരക്ഷിതത്വം ഉറപ്പാക്കാൻ ശക്തമായ കുടിയേറ്റ നിയമം കേന്ദ്രസർക്കാർ രൂപീകരിക്കേണ്ടതുണ്ട്. മൂന്നു തവണ എമിഗ്രേഷൻ ബിൽ അവതരിപ്പിച്ചെങ്കിലും ഇത് പാർലമെന്റിൽ അവതരിപ്പിച്ച് നിയമമാക്കിയിട്ടില്ല. ഇതിനായി സംസ്ഥാന സർക്കാർ സമ്മർദം ചെലുത്തുന്നത് തുടരും.
പ്രവാസികൾക്ക് സംസ്ഥാനം മുഖ്യപരിഗണന നൽകുന്നതിന്റെ തെളിവാണ് ലോക കേരളസഭ. പ്രവാസികളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും കൂടി പരിഗണിച്ചാണ് നവകേരള പദ്ധതി തയാറാക്കിയത്. അകം കേരളത്തിനൊപ്പം പുറം കേരളവും ചേരുമ്പോഴാണ് നവകേരളം രൂപീകൃതമാകുകയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷം ലോകം അംഗീകരിക്കുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിക്ഷേപം നടത്താൻ പ്രവാസികൾ തയാറാകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
തിരുവനന്തപുരത്ത് മൂന്നു ദിവസങ്ങളിലായി നടന്ന ലോക കേരള സഭയിൽ 125 രാജ്യങ്ങളിൽനിന്നുള്ള 500ൽപ്പരം പ്രവാസി പ്രതിനിധികൾ പങ്കെടുത്തു. 12 പ്രമേയങ്ങളും അവതരിപ്പിച്ചു.
Kerala
പൊടിമറ്റം (കാഞ്ഞിരപ്പള്ളി): കഴിഞ്ഞ കാല് നൂറ്റാണ്ടുകാലം മധ്യകേരളത്തിലെയും മലയോര മേഖലയിലെയും കര്‍ഷകജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിവരുന്ന പ്രസ്ഥാനമാണ് ഇന്‍ഫാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്‍ഫാം രജതജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ ഇന്‍ഫാമിനു സാധിച്ചു.
സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇന്‍ഫാം നല്കുന്ന നിര്‍ദേശങ്ങള്‍ കാര്‍ഷിക നയരൂപീകരണത്തില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. കാര്‍ഷികപ്രശ്നങ്ങളുമായി ബന്ധപ്പെട്ടോ കര്‍ഷകരെ ബാധിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടോ ഏതെങ്കിലും തരത്തിലുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഇന്‍ഫാമിനെപ്പോലുള്ള പ്രസ്ഥാനങ്ങള്‍ നല്കുമ്പോള് അത് അതീവ ഗൗരവത്തോടെ പരിഗണിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജാതിമത ചിന്തകള്‍ക്കതീതമായി കര്‍ഷകരെ സംഘടിപ്പിക്കുകയും അവരുടെ ജീവിതം സുരക്ഷിതമാക്കുകയും ചെയ്യുക എന്നതാണ് ഇന്‍ഫാം മുന്നോട്ടു വച്ചിട്ടുള്ള ആദര്‍ശം.
പഞ്ചവത്സര പദ്ധതിയെന്ന നിലയില്‍ ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ കാര്‍ഷികോത്പന്നങ്ങളുടെ വിപണനത്തിനും മൂല്യവര്‍ധനയ്ക്കും സഹായിക്കുന്ന പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു. അദ്ദേഹം പ്രഖ്യാപിച്ച കാര്യങ്ങള്‍ എല്ലാ അര്‍ഥത്തിലും പ്രായോഗികമാക്കാന്‍ കഴിയുന്ന ഒന്നാണ്.
പച്ചക്കറി കൃഷിയില്‍ വലിയ മാറ്റം ഇപ്പോള്‍തന്നെ ഉണ്ടാക്കാന്‍ കഴിഞ്ഞു. ഇന്‍ഫാമിന്റെ പഞ്ചവത്സര പദ്ധതികൂടി വരുമ്പോള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയും. നമ്മുടെ നാട് പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ ഇന്‍ഫാം മാതൃകാപരമായ ഇടപെടലുകള്‍ നടത്തി.
കോവിഡ്, ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ഇന്‍ഫാം നടത്തിയ പ്രവര്‍ത്തനം വലുതാണ്. മതനിരപേക്ഷതയും വികസനവും കൈകോര്‍ക്കുന്ന നവകേരള നിര്‍മാണത്തില്‍ ഇന്‍ഫാമിനെപ്പോലുള്ള കര്‍ഷക സംഘടനകളുടെ സേവനം വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്‍ഫാം രജതജൂബിലി സമാപന സമ്മേളനത്തില്‍ ഇന്‍ഫാം സംഘടനാംഗങ്ങളെ ഒരുമിച്ചു ചേര്‍ത്ത് ആവിഷ്കരിച്ച പച്ചപ്പൊലിമ എന്ന പഞ്ചവത്സര പദ്ധതി രേഖയുടെ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിച്ചു.
Kerala
തിരുവനന്തപുരം: ആശുപത്രികളടക്കമുള്ള ആരോഗ്യസ്ഥാപനങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള കേരള ക്ലിനിക്കൽ എസ്റ്റാബ്ലിമെന്റ് (രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ) ആക്ടിൽ ചട്ടങ്ങൾ രൂപീകരിക്കുന്നതു സംബന്ധിച്ചു സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി മുഖ്യമന്ത്രി ഇന്നലെ നടത്താനിരുന്ന ചർച്ച മാറ്റിവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ഒട്ടേറെ പരിപാടികളുടെ ഉദ്ഘാടനവും അടക്കം മുഖ്യമന്ത്രി പിണറായി വിജയൻ തിരക്കിലായ സാഹചര്യത്തിലാണ് ഇന്നലെ നിശ്ചയിച്ചിരുന്ന ചർച്ച മാറ്റിയത്.
ഇന്നലെ രാവിലെ നിയമസഭയിൽ ചർച്ചയ്ക്കായി മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നു. സംഘർഷാവസ്ഥയെത്തുടർന്ന് ഇന്നലെ ചേരാനിരുന്ന നിയമസഭാ സമ്മേളനവും ഒഴിവാക്കിയിരുന്നു.
ചർച്ചയുടെ പുതുക്കിയ സമയം പിന്നീട് അറിയിക്കാമെന്നാണു മുഖ്യമന്ത്രിയുടെ ഓഫീസ് മാനേജ്മെന്റ് പ്രതിനിധികളെ അറിയിച്ചത്. ആക്ട് നടപ്പാക്കുന്നതിനെതിരെ മാനേജ്മെന്റുകൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ അനുവദിച്ചില്ല.
Kerala
തിരുവനന്തപുരം: ന്യൂനപക്ഷങ്ങൾക്ക് തലയുയർത്തി ജീവിക്കാനുള്ള സാഹചര്യമൊരുക്കാൻ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുത്തരിക്കണ്ടം മൈതാനത്ത് സമസ്ത ശതാബ്ദി സന്ദേശയാത്രയോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
വലിയ വിമർശനങ്ങളെ നേരിടേണ്ടിവന്നിട്ടും ഇടത് സർക്കാരാണ് മലപ്പുറം ജില്ലയ്ക്ക് രൂപം നൽകിയത്. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷം എക്കാലവും സവിശേഷതയോടെ കണ്ടു. അത് ഏതെങ്കിലും തെരഞ്ഞെടുപ്പു ഫലം വച്ച് അളക്കാനാവുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും അവരെ ചേർത്തുപിടിച്ച് മുന്നോട്ടു പോകുന്നതിനും സംസ്ഥാന സർക്കാർ എല്ലാ ഘട്ടത്തിലും തയാറായിട്ടുണ്ട്, ഇനിയും തയാറാകും എന്ന ഉറപ്പാണ് നൽകുന്നത്. ന്യൂനപക്ഷ സംരക്ഷണം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല എൽഡിഎഫ് നടത്തുന്നതെന്ന് എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനം നോക്കിയാൽ വ്യക്തമാകും.
നാടിന്റെ പുരോഗതിക്കും സമാധാനത്തിനും അനുകൂലമായി ചിന്തിക്കുന്നവർ മതനിരപേക്ഷതയുടെ പക്ഷത്ത് ഉറച്ചുനിൽക്കണം. ന്യൂനപക്ഷങ്ങളെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്ന ശക്തികൾ നാട്ടിലുണ്ട്. അത് തിരിച്ചറിയാനാകണം.
നാടിന്റെ ഐക്യവും സമാധാനവും തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന ഉറച്ച സന്ദേശം ഈ യാത്രയിൽ പ്രചരിപ്പിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ മതനിരപേക്ഷ സമൂഹത്തെ വളർത്തിയെടുക്കുന്നതിൽ സമസ്തയ്ക്കും പങ്കുണ്ട്.
നാനാത്വത്തിൽ ഏകത്വം തച്ചുതകർക്കപ്പെടുന്ന ഇക്കാലത്ത് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വിസി നിയമനത്തിൽ സർക്കാരും ഗവർണറും തമ്മിൽ ധാരണയിലെത്തി. സാങ്കേതിക സർവകലാശാല വിസിയായി ഡോ.സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ.സജി ഗോപിനാഥിനെയും നിയമിച്ചു.
ഇതു സംബന്ധിച്ച വിജ്ഞാപനം ലോക് ഭവൻ പുറത്തിറക്കി. നേരത്തെ സാങ്കേതിക സര്‍വകലാശാലയിലേക്ക് ഗവര്‍ണര്‍ നിര്‍ദേശിച്ച ഡോ. സിസ തോമസിന്റെ പേര് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.
ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ. സജി ഗോപിനാഥിന്റെ പേര് സര്‍ക്കാര്‍ മുന്നോട്ടുവച്ചെങ്കിലും ഗവര്‍ണറും അംഗീകരിച്ചിരുന്നില്ല. ഡോ.സജി ഗോപിനാഥിനെതിരെ ആരോപണമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ പേര് വെട്ടിയത്.
ഒടുവിൽ സുപ്രീംകോടതി വിഷയത്തിൽ ഇടപെടുകയായിരുന്നു. സർക്കാരും ഗവർണറും തമ്മിൽ സമവായത്തിൽ എത്തിയില്ലെങ്കിൽ കോടതി ഇടപെട്ട് രണ്ട് സർവകലാശാലയിലേക്കും വിസിയെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചു.
തുടർന്ന് ആദ്യഘട്ട സമവായ ചർച്ചയിൽ തീരുമാനം ഉണ്ടായിരുന്നില്ല. പിന്നാലെ ചൊവ്വാഴ്ച മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടന്ന സമവായ ചർച്ചയിലാണ് വിസിമാരെ നിയമിക്കുന്നത് സംബന്ധിച്ച് ധാരണയായത്.
സുപ്രീംകോടതി നിയോഗിച്ച റിട്ട. ജസ്റ്റീസ് സുധാംശു ധൂലിയ അധ്യക്ഷനായ സർച്ച് കമ്മിറ്റി സ്വന്തം നിലയിൽ തയാറാക്കിയ വിസിമാരുടെ പട്ടിക ബുധനാഴ്ച കോടതിയ്ക്ക് കൈമാറാനിരികകെയാണ് സർക്കാരും ഗവർണറും തമ്മിൽ ധാരണയായത്.
Movies
സംസ്ഥാന സർക്കാർ നടത്തുന്ന ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത് നടി ഭാവന. മുഖ്യമന്ത്രിക്കൊപ്പമുള്ള ഭാവനയുടെ ചിത്രം മന്ത്രി വി. ശിവൻകുട്ടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചത്.
തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു വിരുന്ന് നടന്നത്. വിരുന്നില്‍ വെള്ളാപ്പള്ളി നടേശന്, കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ളിമ്മീസ് കാതോലിക്ക ബാവ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവരും മന്ത്രിമാരും വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. അതേസമയം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുക്കില്ല. അദ്ദേഹം ഗോവയിലാണുള്ളത്.
ഹണ്ട് എന്ന ഷാജി കൈലാസ് ചിത്രമാണ് ഭാവനയുടേതായി റിലീസ് ചെയ്ത അവസാന മലയാള ചിത്രം. ഈ വർഷം ദ് ഡോർ എന്നൊരു തമിഴ് ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. അനോമി, പിങ്ക് നോട്ട്, യുവർ സിൻസിയേർലി റാം എന്നീ സിനിമകളാണ് ഭാവനയുടേതായി റിലീസിനൊരുങ്ങുന്നത്.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്ന സമീപനമാണ് എല്‍ഡിഎഫ് സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. കാലിക്കട്ട് പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ ഭരണനേട്ടമല്ല, വര്‍ഗീയത പറഞ്ഞാണ് എല്‍ഡിഎഫ് വോട്ടു പിടിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണക്കൊള്ള ജനം വിഷയമാക്കും.
കേസില്‍ രണ്ട് സിപിഎം നേതാക്കള്‍ ജയിലിലായിട്ടും മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി വരുമ്പോള്‍ മുഖ്യമന്ത്രി മൗനിയാകും.
കോടതി മേല്‍നോട്ടം വഹിച്ചില്ലെങ്കില്‍ ശബരിമല സ്വര്‍ണകൊള്ള സ്വര്‍ണകടത്ത് കേസു പോലെ ആവിയായി പോയേനെയെന്നും അദ്ദേഹം വിമര്‍ശിച്ചു. മന്ത്രിമാരായ കടകംപള്ളിയും വാസവനും ചോദ്യം ചെയ്യപ്പെടേണ്ട വ്യക്തികളാണ്.
പത്മകുമാര്‍ പറഞ്ഞതുപോലെ ദൈവതുല്യനായ ആള്‍ക്ക് വേണ്ടിയാണ് ഇവര്‍ അത് ചെയ്തതെങ്കില്‍ അത് കാരണഭൂതനല്ലേയെന്നും ചെന്നിത്തല ചോദിച്ചു. ശബരിമല വിഷയം വഴിതിരിച്ച് വിടാനാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ കേസ് ഉയര്‍ത്തുന്നത്.
രാഹുലിനെതിരെ പാര്‍ട്ടി ശക്തമായ നടപടി സ്വീകരിച്ചതാണ്. രാഹുലിന്റെത് വ്യക്തിപരമായ കേസാണെന്നും നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: കാനത്തിൽ ജമീല എംഎൽഎയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലാളിത്യമാർന്ന ഇടപെടലിലൂടെ പൊതു സമൂഹത്തിന്റെ അംഗീകാരം നേടിയ നേതാവായിരുന്നു കാനത്തിൽ ജമീലയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല. തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തിച്ച് ഭരണമികവ് തെളിയിച്ച് പടിപടിയായി ഉയർന്നു വന്ന നേതാവായിരുന്നു അവർ. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തലങ്ങളിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു.
ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് ശ്രദ്ധേയയായി. കാനത്തിൽ ജമീലയുടെ അകാലവിയോഗത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
National
പാറ്റ്ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ്കുമാർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പാറ്റ് ഗാന്ധി മൈതാനിയിൽ നടന്ന ചടങ്ങിലായിരുന്നു നിതീഷ് അധികാരമേറ്റത്. സമ്രാട്ട് ചൗധരി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ സത്യപ്രതിജ്ഞയ്ക്ക് എത്തിയിരുന്നു. പത്താം തവണയാണ് നിതീഷ്കുമാർ മുഖ്യമന്ത്രിയാകുന്നത്.
ബുധനാഴ്ചയ എൻഡിഎ നേതാവായി നിതീഷ്കുമാറിനെ തെരഞ്ഞെടുത്തിരുന്നു. 243 അംഗ നിയമസഭയിൽ 202 അംഗങ്ങളാണ് എൻഡിഎയ്ക്കുള്ളത്.
ജെഡി-യു നിയമസഭാ കക്ഷി നേതാവായും നിതീഷ്കുമാറിനെ തെരഞ്ഞെടുത്തിരുന്നു. സമ്രാട്ട് ചൗധരിയാണ് ബിജെപി നിയമസഭാ കക്ഷി നേതാവ്. വിജയ്കുമാർ സിൻഹയാണ് ബിജെപി നിയമസഭാ കക്ഷി ഉപനേതാവ്.
Kerala
തിരുവനന്തപുരം: തീവ്രവോട്ടർപട്ടിക പരിഷ്കരണം പ്രഖ്യാപിച്ചതിനു പിന്നാലെ സർവകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി. ബുധനാഴ്ച വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓണ്‍ലൈനായാണ് യോഗം ചേരുക.
ഇതിനിടെ സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു. ജനങ്ങളിൽ നിന്ന് മികച്ച സഹകരണമാണ് ലഭിക്കുന്നത്. നിലവിലത്തെ സാഹചര്യത്തിൽ ഫോം പൂരിപ്പക്കൽ 20 ദിവസത്തിനുള്ളിൽ പൂർത്തിയാകും.
അർഹരായ എല്ലാവരും പട്ടികയിൽ ഉണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് രത്തൻ ഖേൽക്കർ പറഞ്ഞു. സംശയങ്ങൾ ഉണ്ടെങ്കിൽ പരിഹരിച്ചു മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ഭ്രാന്താലയമായിരുന്ന കേരളം മാനവാലയമായി മാറിയെന്നും നവോത്ഥാന നായകർക്ക് ഇതില്‍ വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബി രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് കാണുന്ന സൗകര്യങ്ങളും അവസരങ്ങളും ഒരുകാലത്ത് ഇല്ലായിരുന്നു. കേരളം ഭ്രാന്താലയമാണെന്ന് വിവേകാനന്ദൻ വിശേഷിപ്പിച്ചു. ലോകം അംഗീകരിക്കുന്ന മാനുഷിക മൂല്യമുള്ള നാടായി ഈ ഭ്രാന്താലയം മാറി. നവോത്ഥാനത്തിന് ശരിയായ പിന്തുടർച്ച കേരളത്തിനുണ്ടായി.
ധനകാര്യ സ്ഥാപനം എന്ന നിലയിൽ കിഫ്ബിയെ കുറിച്ച് ഒരു ആശങ്കയും വേണ്ട. അസാധ്യമെന്ന ഒരു വാക്ക് സർക്കാരിനില്ല. കേരളത്തിന്റെ പശ്ചാത്തല സൗകര്യവികസനത്തിൽ 25 വർഷത്തിനിടെ 90,562 കോടിയുടെ പദ്ധതികൾക്കാണ് കിഫ്ബി വഴി അംഗീകാരം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: പുതിയ കേരളത്തിന്റെ ഉദയമെന്നും ഇത് നവകേരളത്തിലേക്കുള്ള ചവിട്ടുപടിയെന്നും അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനത്തെ വിശേഷിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.
പ്രഖ്യാപനം തട്ടിപ്പ് അല്ല, യാഥാർഥ്യമാണ്. അതിദാരിദ്ര്യാവസ്ഥയെ മറികടന്നത് നാടിന്റെ സഹകരണത്തോടെയാണ്. ഫലപ്രദമായ ഇടപെടലുകൾ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തിൽ ഇന്ന് പുതിയ അധ്യായം തുറന്നു. ലോകത്തിന് മുന്നിൽ നാം ആത്മാഭിനത്തോടെ തല ഉയർത്തി നിൽക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ കുടുംബത്തിലെയും അതിദാരിദ്യ അവസ്ഥ മാറുന്നത് മന്ത്രിസഭ വിലയിരുത്തി. 4,70,000 ൽ അധികം വീടുകൾ യാഥാർഥ്യമാക്കി. എൽഡിഎഫ് പ്രഖ്യാപിച്ച ഓരോ വാഗ്ദാനവും യാഥാർഥ്യമാക്കുന്നു. ഇതിൽ ചാരിത്യാർഥ്യം ഉണ്ട്. നമുക്ക് ഒരു ഭൂതകാലം ഉണ്ട്. അവിടെ നിന്ന് പലവിധ ക്ലേശങ്ങൾ താണ്ടിയാണ് നാം ഇവിടേക്ക് എത്തിയത്.
പുതിയ കേരളത്തിനായുള്ള പ്രവർത്തനങ്ങൾക്ക് ഇടതുപക്ഷ സർക്കാരുകൾ നേതൃത്വം നൽകി. കേരളാ മോഡൽ എന്ന് ലോകം വിളിച്ചു. നാല് ലക്ഷം വീടുകൾ പൂർത്തിയാക്കാനായത് നിങ്ങൾ തന്നെ തുടർന്നോളൂ എന്ന് ജനം പറഞ്ഞത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാതൃശിശു മരണ നിരക്കിൽ അമേരിക്കയേക്കാള്‍ താഴെയാണ് കേരളമെന്നും ഇതാണ് യഥാർഥ കേരള സ്റ്റോറിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുന്നു കൂടുന്ന സമ്പത്തല്ല, ജനങ്ങൾക്ക് നൽകുന്ന കരുതലാണ് കാര്യം. പ്രസവചികിത്സയിലും അമേരിക്കയിലേക്കാൾ മെച്ചമാണ്. ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള ജനത കേരളത്തിലേതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
District News
മാന്നാര്‍: മുഖ്യമന്ത്രി പിണറായി വിജയന് രമേശ് ചെന്നിത്തല എംഎല്‍എയുടെ വീട് സന്ദര്‍ശിച്ചു. രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയുടെ വേര്‍പാടില്‍ അനുശോചനമറിയിക്കാനാണ് മുഖ്യമന്ത്രി ചെന്നിത്തലയിലെ വീട്ടിലെത്തിയത്.
മന്ത്രി സജി ചെറിയാന്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എ. മഹേന്ദ്രന്, ജില്ലാ കമ്മിറ്റി അംഗം പുഷ്പലത മധു, ഏരിയ സെക്രട്ടറി പി.എന്‍. ശെല്വരാജന് എന്നിവര്‍ മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു. കുടുംബാംഗങ്ങളോടൊപ്പം അല്പ സമയം ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
Kerala
ഇടുക്കി: മുഖ്യമന്ത്രി സംഘപരിവാറിന്റെ അടിമയായി മാറിയിരിക്കുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മറ്റെല്ലാ കാര്യങ്ങളിലും പുലിയായ ഇഡി മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ വിഷയത്തിൽ പൂച്ചയായി. മകന് ഇഡി സമൻസ് അയച്ച വിഷയം മുഖ്യമന്ത്രി ജനങ്ങളോട് പറയാത്തത് എന്തുകൊണ്ടാണെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.
മോദിയുടെ ദയാവായ്പിലാണ് പിണറായി അധികാരത്തിൽ തുടരുന്നത്. സംഘപരിവാറിന്റെയും നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ആജ്ഞാനുവർത്തിയായി പിണറായി മാറിയിരിക്കുന്നു. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ പിണറായിയെക്കൊണ്ട് കേന്ദ്ര സർക്കാർ ചെയ്യിക്കുന്നത് മകനും മകൾക്കും നേരെ ഇട്ടിരിക്കുന്ന കുരുക്കിന്റെയും കൊളുത്തിന്റെയും പേരിലാണെന്നും കുഴൽനാടൻ ആരോപിച്ചു.
എല്ലാ വിഷയത്തിലും വലിയ വായിൽ സംസാരിക്കുന്ന മന്ത്രിമാരൊക്കെ മാളത്തിലാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ അഴിമതിയെ ന്യായീകരിച്ച് സിപിഎം എന്ന പാർട്ടി ഇല്ലാതാവുന്ന അവസ്ഥയാണ് കേരളത്തിൽ കാണുന്നത്. സിപിഎം അസ്തമിക്കുന്ന നാളുകൾ അടത്തുവരികയാണെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കസ്റ്റഡി മര്‍ദനങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരായ നടപടി സസ്പെന്‍ഷനില്‍ ഒതുക്കാമെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും കരുതരുതെന്നും സതീശൻ പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസിൽ നിന്ന് പുറത്താക്കുന്നതുവരെ കോണ്‍ഗ്രസും യുഡിഎഫും സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസിലെ ഒരു കൂട്ടം ക്രിമിനലുകള്‍ നടത്തിയ ക്രൂരമര്‍ദനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ തെളിവ് സഹിതം തുടര്‍ച്ചയായി പുറത്തുവന്നിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മൗനം തുടരുന്നതില്‍ ദുരൂഹതയുണ്ടെന്നും സതീശൻ പറഞ്ഞു.
കുന്നംകുളത്തും പീച്ചിയിലും പോലീസ് ചെയ്ത ക്രൂരതയുടെ ദൃശ്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലേക്ക് വരുന്നതിന് മുന്‍പ് തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അത് കണ്ടിട്ടുണ്ട്. എന്നിട്ടും പ്രതികള്‍ക്ക് സംരക്ഷണമൊരുക്കുകയായിരുന്നു.
ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്കിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണം. ആഭ്യന്തര വകുപ്പില്‍ മുഖ്യമന്ത്രിക്ക് ഒരു നിയന്ത്രണവുമില്ലെന്ന് തുടര്‍ച്ചയായി തെളിയുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന്റെ നിയന്ത്രണത്തിലാണ് കേരളത്തിലെ പോലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി വാനോളം പുകഴ്ത്തി സ്വാഗതപ്രസംഗകന്. പുകഴ്ത്തല്‍ അതിരുവിട്ടപ്പോള്‍ കുറിപ്പ് കൊടുത്ത് പ്രശ്നം പരിഹരിച്ച് സംഘാടകര്‍. തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടന്ന പി.എന്‍. പണിക്കര്‍ അനുസ്മരണ വായനവാരാഘോഷ ചടങ്ങിലായിരുന്നു സംഭവം.
മുഖ്യമന്ത്രിക്കു സ്വാഗതം പറഞ്ഞ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷൻ വൈസ് ചെയര്മാന് എന്‍. ബാലഗോപാലാണ് മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്, നിങ്ങള്‍ കേരളത്തിന്റെ ഒരു ഗിഫ്റ്റാണ്, വരദാനമാണ്. എകെജിയെ സ്മരിക്കാറുള്ളത് പാവപ്പെട്ടവരുടെ പടത്തലവന് എന്നാണ്. ഞങ്ങള്‍ പിണറായി വിജയനെ സ്മരിക്കുന്നത് പാവപ്പെട്ടവരുടെ അത്താണിയെന്നാണ്ബാലഗോപാല് പറഞ്ഞു.
പുകഴ്ത്തലും പ്രസംഗവും നീണ്ടപ്പോള്‍ പ്രശ്നമാകുമോ എന്ന ആശങ്കയിലാണ് സംഘാടകര്‍ ഇടപെട്ടത്. ഉടന്‍തന്നെ വേദിയിലുണ്ടായിരുന്ന മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഒരു കുറിപ്പെഴുതി സ്വാഗതപ്രസംഗകന്റെ കൈയില്‍ കൊടുക്കുകയായിരുന്നു.
കുറിപ്പ് ലഭിച്ചതും സ്വാഗതപ്രസംഗകന് “നിര്‍ത്താം, കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്കു ദേഷ്യം വരും. അത് അദ്ദേഹത്തിന്റെ പ്രസംഗത്തെയും ബാധിക്കും. എനിക്ക് അദ്ദേഹത്തെ പേടിയാണ്” എന്നു പറഞ്ഞു പ്രസംഗം ഉപസംഹരിക്കുകയായിരുന്നു.